എന്റെ അമേരിക്കൻ അബദ്ധങ്ങൾ

കഴിഞ്ഞ 18 വർഷത്തെ അമേരിക്കൻ ജീവിതത്തിനിടയിൽ എനിക്കോ എന്റെ സുഹൃത്തുക്കൾക്കോ ഉണ്ടായ അനുഭവങ്ങളെ അല്ലെങ്കിൽ അബദ്ധങ്ങളെ എന്നിലൂടെ അവതരിപ്പിക്കാനാണ് ഞാൻ ഇവിടെ ശ്രമിക്കുന്നത്. ഇതിൽ ചിലതിലൂടെ എങ്കിലും നിങ്ങളും ഒരിക്കലെങ്കിലും കടന്ന് പോയിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു. 

എന്റെ യാത്ര ഇവിടെ ആരംഭിക്കുന്നു 

 1998 ഒക്ടോബറിലാണ് ഞാൻ ആദ്യമായി അമേരിക്കയിൽ എത്തുന്നത്. എയർ ഇന്ത്യയിലെ , വാർദ്ധക്യസഹജമായ അസുഖത്താൽ വലയുന്ന തരുണീമണികളായ എയർ ഹോസ്റ്റസ്സുമാരുടെ താഢനവും പീഢനവും ഏറ്റു വാങ്ങി ഞാൻ ഈ സ്വപ്നഭൂമിയിൽ എത്തിച്ചേർന്നു. ഫ്ലൈറ്റ് ടിക്കറ്റിനൊപ്പം 2000 ഡോളറും എല്ലാവര്ക്കും നൽകിയിട്ടുണ്ട് എന്ന ഭാവത്തിൽ “അതിഥി ദേവോ ഭവ”എന്ന ആർഷ ഭാരത സംസ്ക്കാരം അടിമുടി ഊട്ടിയുറപ്പിക്കുന്ന അംഗനമാർ. എനിക്ക് എന്റെ എംപ്ലോയർ അവരുടെ “ഗസ്റ്റ് ഹൗസ്” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അപ്പാർട്ട്മെന്റിൽ താമസസൗകര്യം തന്നു. ഔദ്യോഗിക ഭാഷയിൽ “ഗസ്റ്റ് ഹൗസ്” എന്നും യഥാർത്ഥത്തിൽ ബെഞ്ചിൽ വരുന്നവർക്കു താമസിക്കാനും ഉള്ള ഒരു സ്ഥലം. ഇനി ഞാൻ എന്റെ ഓരോരോ അനുഭവങ്ങളിൽ കൂടി കടന്ന് പോകട്ടെ.
 
How are you ?
 
പിറ്റേ ദിവസം രാവിലെ ഞാൻ എന്റെ റൂമിനു പുറത്തിറങ്ങി നിന്നപ്പോൾ ഒരു അമേരിക്കക്കാരൻ അതിലെ നടക്കാൻ   പോകുന്നുണ്ടായിരുന്നു. അയാൾ എന്നെ കണ്ടപാടെ How are you ? എന്ന് ചോദിച്ചു. ഞാൻ അത്ഭുത പരതന്ത്രനായി നിന്ന് പോയി. ബാല്യം പകച്ചുപോയ ഒരു നിമിഷം. ഒരായിരം സംശയങ്ങൾ എന്റെ മനസ്സിൽ ഉയർന്നു വന്നു. ഇയാൾ ആരാണ് ? ഇയാൾക്ക് എന്നെ എങ്ങനെ അറിയാം ? ഞാൻ എയർപോർട്ടിൽ നിന്ന് വന്ന ടാക്സിയുടെ ഡ്രൈവർ ആയിരുന്നോ ഇയാൾ ? എന്റെ കമ്പനിയിൽ നിന്നും മറ്റാരെങ്കിലും ഇവിടെ താമസിക്കുന്നുണ്ടോ ? ഞാൻ അവസാനം എന്റെ എംപ്ലോയറെ വിളിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു എല്ലാരും ഇവിടെ ഇങ്ങനെ How are you ?, Oki duke , wonderful, awesome  എന്നൊക്കെ പറയുമെന്നും അതൊന്നും മനസ്സിൽ വച്ചോണ്ട് ഇരിക്കേണ്ട എന്നും. നേരെ വന്നാൽ മുഖം തിരിച്ചു നടന്നു പോകുന്ന നിരവധി ഇന്ത്യൻ മുഖങ്ങൾക്കിടയിൽ ആദ്യമായി എന്റെ ക്ഷേമം തിരക്കിയ അയാളുടെ മുഖം ഞാൻ ഇന്നും ഓർക്കുന്നു. 
 
Okra vs Ladies Finger 
 
ഏതൊരു ശരാശരി മലയാളിയെയും പോലെ ഞാനും ചായയും പത്രവും കുത്തരിച്ചോറും കപ്പയും മീൻകറിയും വളരെ ഇഷ്ടപ്പെടുന്ന ആളാണ്. അതുകൊണ്ടു തന്നെ നാട്ടിൽ നിന്ന് പാചകം ചെയ്യാനുള്ള എല്ലാവിധ സന്നാഹങ്ങളുമായാണ് ഞാൻ  പോന്നത്. ഒരിക്കൽ സാമ്പാർ ഉണ്ടാക്കണം എന്ന് വല്ലാത്ത പൂതി. വെണ്ടയ്ക്ക ഇല്ലാതെ എന്തോന്ന് സാമ്പാർ? വെണ്ടക്കയുടെ ഇംഗ്ലീഷ് നാമം ഓർത്തപ്പോൾ അത് Ladies Finger ആണെന്ന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. ഞാൻ അടുത്ത കടയിൽ പോയി  Ladies Finger ഇരിക്കുന്ന സ്ഥലം ചോദിച്ചു. അയാൾ എന്നെ നേരെ ബേക്കറിയിലേക്കു ആനയിച്ചു. അവിടെനിന്നും ഒരു ബേക്കറി സാധനം എടുത്തു അതാണ്  Ladies Finger എന്ന് പറഞ്ഞു എന്നെ പറ്റിക്കാൻ നോക്കി. ഞാൻ ആരാ മോൻ ? ഞാൻ പറഞ്ഞു എനിക്ക് വേണ്ടത് ഒരു വെജിറ്റബിൾ ആണെന്ന്. അയാൾ ആസേതുഹിമാചലം തപ്പിയിട്ടും അങ്ങനെ ഒരു പച്ചക്കറി കണ്ടെത്താൻ ആയില്ല. അപ്പോൾ അതുവഴി വന്നു ഒരു ഇന്ത്യക്കാരനോട് ഞാൻ എന്റെ പ്രശ്നം അവതരിപ്പിക്കുകയും വെണ്ടയ്ക്ക അമേരിക്കയിൽ അറിയപ്പെടുന്നത് “ഓക്ര” എന്ന പേരിലാണ് എന്ന വിജ്ഞാനം വിളമ്പി അദ്ദേഹം അപ്രത്യക്ഷനാകുകയും ചെയ്തു.
 
Cosmetic Change 
 
അങ്ങനെ തീറ്റയും കുടിയുമായി ദിവസങ്ങൾ കടന്നുപോയി. ജോലി മാത്രം കിട്ടിയില്ല. രാവിലെ അടുത്തുള്ള എംപ്ലോയറുടെ ഓഫീസിൽ പോകും . എന്തെങ്കിലും ഇന്റർവ്യൂ വന്നാൽ അറ്റൻഡ് ചെയ്യും. പിന്നെ താങ്ക്സ് ഗിവിങ് ഹോളിഡേയ്‌സ് വന്നു. ഉടനെ പ്രൊജക്റ്റ് കിട്ടാനുള്ള സാധ്യത പതുക്കെ മങ്ങിത്തുടങ്ങി. ഒരു ദിവസം എന്റെ എംപ്ലോയർ എന്നെ വിളിച്ചു. അദ്ദേഹം എന്റെ Resume -ൽ കുറച്ചു “കോസ്‌മെറ്റിക് ചേഞ്ച്” വരുത്താൻ പറഞ്ഞു. ഞാൻ വിചാരിച്ചു എന്തെങ്കിലും ക്യാപിറ്റൽ ലെറ്റർ ആക്കാനോ പാരഗ്രാഫ് തിരിക്കാനോ ആകും എന്ന്. അദ്ദേഹം പറഞ്ഞു “Resume വേർഡ്-ൽ ഓപ്പൺ ചെയ്യുക. എന്നിട്ടു അതിൽ “Visual Basic” എന്ന് എഴുതിയിരിക്കുന്നത് എല്ലാം “Java” എന്ന് റീപ്ലേസ് ചെയ്യുക. അങ്ങനെ 2 മിനിറ്റ് കൊണ്ട് Visual Basic Programmer” ആയ ഞാൻ “Java Programmer” ആയി മാറും. “What a cosmetic surgery, sarji?”. ആ സൗന്ദര്യം വർധിപ്പിക്കാനുള്ള ഉപാധി ഞാൻ സ്വീകരിച്ചില്ല. ജാവയുടെ സ്പെല്ലിങ് “Java” ആണോ “Jawa” ആണോ എന്ന സംശയം ഇപ്പോഴും എനിക്ക് ബാക്കിയുണ്ട്.
 
Check deposit
 
അങ്ങനെ നീണ്ട രണ്ട്  മാസത്തെ കാത്തിരിപ്പിന് ശേഷം പ്രൊജക്റ്റ് കിട്ടി; അധികം കോസ്മെറ്റിക് ചേഞ്ച് ഒന്നും വരുത്താതെ. ചിക്കാഗോക്കു അടുത്ത് പ്യുരിയ എന്ന സ്ഥലത്ത്. ഞാൻ പുതിയ സ്ഥലത്തേക്ക് പോകുമ്പോൾ എന്റെ എംപ്ലോയർ പ്രാഥമിക ചെലവുകൾക്കായി 1500 ഡോളറിന്റെ ഒരു ചെക്ക് തന്നു വിട്ടു. അടുത്ത മൂന്നു മാസം കൊണ്ട് എന്റെ ശമ്പളത്തിൽ നിന്നും അത് തിരിച്ചു പിടിച്ചോളാം എന്ന ഉറപ്പും അദ്ദേഹം നൽകി. അവിടെ ചെന്ന് ഒരു ബാങ്ക് അക്കൗണ്ട് തുറന്നു അതിൽ ചെക്ക് നിക്ഷേപിക്കാനായിരുന്നു നിർദേശം. ഞാൻ എന്റെ സുഹൃത്തുമായി ഒരു ബാങ്കിൽ പോയി ഒരു അക്കൗണ്ട് തുറന്നു. നിർഭാഗ്യവശാൽ ചെക്ക് കൂടെ കൊണ്ടുപോകാൻ മറന്നുപോയി. അത് പിന്നീട് ATM വഴി നിക്ഷേപിക്കാം എന്ന് മാനേജർ പറഞ്ഞു. പൈസ എടുക്കാൻ മാത്രമാണ് ATM എന്ന എന്റെ ധാരണ അതോടെ മാറി. അങ്ങനെ ഞാൻ ഒരു ദിവസം ആ ചെക്ക് ATM മെഷീൻ വഴി ഡെപ്പോസിറ്റ്  ചെയ്തു. ഒരു ആഴ്ചയായിട്ടും ഡെപ്പോസിറ്റ്  ചെയ്ത പൈസ അക്കൗണ്ടിൽ വന്നില്ല. എന്റെ കയ്യിൽ ഉണ്ടായിരുന്നതെല്ലാം ശൂന്യമായി. അവസാനം ഞാൻ ആ ബ്രാഞ്ചിൽ ചെന്ന് മാനേജരെ കണ്ടു സങ്കടം ഉണർത്തിച്ചു. അദ്ദേഹം പറഞ്ഞു സാധാരണ 48 മണിക്കൂറിനുള്ളിൽ ക്രെഡിറ്റ് ആകേണ്ടതാണ് എന്ന്. അങ്ങനെ ഒരു ചെക്ക് വന്നതായി എങ്ങും കാണുന്നില്ല. അവസാനം എന്നെ അദ്ദേഹം ആ ATM മെഷീന്റെ അടുത്ത് കൊണ്ടുപോയി. എങ്ങനെയാണു ഞാൻ ആ ചെക്ക് ഡെപ്പോസിറ്റ് ചെയ്തതെന്ന് വിവരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു “ഒരു വെളുത്ത കവറിൽ ചെക്ക് ഇട്ട് കവറിന്റെ പുറത്ത് പേര് , അക്കൗണ്ട് നമ്പർ, അഡ്രസ്, ഫോൺ നമ്പർ, ബാക്കി കുടുംബ ചരിത്രം എല്ലാം എഴുതി അവിടെ കണ്ട ഒരു സ്ലോട്ടിലൂടെ ആണ് ചെക്ക് നിക്ഷേപിച്ചത്”. എന്റെ എല്ലാ സ്കിൽസും പുറത്തെടുത്തു ഒരു പേനയുടെ സഹായത്തോടെ കുത്തിയിറക്കിയാണ് ദൗത്യം നടത്തിയത് എന്നും അദ്ദേഹത്തെ ധരിപ്പിച്ചു. ATM കാർഡ് ഉപയോഗിച്ച് ലോഗ്-ഇൻ ചെയ്തിട്ടല്ലേ ചെക്ക് ഇട്ടതു എന്ന ഒരു സംശയം അദ്ദേഹത്തിനുണ്ടായി. ഇല്ല എന്ന ഉത്തരത്തിനു മുന്നിൽ അദ്ദേഹം ചിരിച്ചില്ല എന്ന് തോന്നുന്നു. ലോകത്തിൽ കായിക ശക്തി ഉപയോഗിച്ച് ATM – ൽ ചെക്ക് നിക്ഷേപിച്ച ആദ്യ മനുഷ്യൻ എന്ന പട്ടവും എനിക്ക് സ്വന്തം. പിറ്റേ ദിവസം ഒരു ടെക്‌നിഷ്യനെ ചിക്കാഗോയിൽ നിന്നും വരുത്തി ATM മെഷീൻ തുറന്നു. ആ രംഗത്തിനു സാക്ഷ്യം വഹിക്കുവാൻ അവർ എന്നെയും അവർ ക്ഷണിച്ചു. കരി ഓയിലിൽ നിറം മാറിയ എന്റെ കവർ ഒരു സിസേറിയൻ നടത്തുന്ന പോലെ അയാൾ പുറത്തെടുത്തു. ഒരു കുഞ്ഞിനെ അച്ഛന്റെ കൈയിലേക്ക് കൈമാറുന്ന സ്നേഹത്തോടെ ആ കവർ എന്നെ ഏല്പിച്ചു. വീണ്ടും ആ ചെക്ക് ബാങ്കിൽ നേരിട്ട് നിക്ഷേപിച്ചു ഞാൻ റിസ്ക് ഒഴിവാക്കി.
 
Duplicate Key 
 
എന്റെ പുതിയ സ്ഥലത്തു ഒരു ആന്ധ്രക്കാരന്റെ   കൂടെ താമസം ഏർപ്പാടായി. അയാൾക്ക്‌ ആകെ ഒരു താക്കോൽ മാത്രമേ  ഉള്ളു. അടുത്ത ദിവസം എന്റെ മാനേജർ എന്നെയും കൊണ്ട് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കാൻ വാൾമാർട്ടിൽ പോയി. ബില്ല്  അടിച്ചപ്പോൾ കാഷ്യർ “ഡോളർ 25” എന്ന് പറഞ്ഞു. ഞാൻ മാനേജരോട് പറഞ്ഞു  “എന്റെ കയ്യിൽ ആകെ 20 ഡോളർ ഉള്ളു , 5 ഡോളർ കടം തരാൻ”. അപ്പോൾ അദ്ദേഹം പറഞ്ഞു “ഡോളർ 25” എന്ന് വച്ചാൽ “ഒരു ഡോളർ 25 സെന്റ്സ്” ആണെന്ന്. ഞാൻ വീണ്ടും പ്ലിങ്ങി.
 
My Driving Licence
 
മറ്റ് പലരെയും പോലെ എനിക്കും ഡ്രൈവിംഗ് ലൈസൻസ് കിട്ടിയത് ഒരു ചരിത്ര സംഭവമാണ്. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഹെർക്കുലീസ് സൈക്കിൾ മാത്രം ഓടിച്ചു ശീലിച്ച എനിക്ക് ഇവിടത്തെ ഡ്രൈവിംഗ് ആദ്യം ഒരു ബാലികേറാമലയായിരുന്നു. എന്ന് കരുതി പിന്നീട് ഞാൻ ചരിത്രം തിരുത്തി കുറിച്ചു എന്നും അയർട്ടെൻ സെന്ന ആയി മാറി എന്നൊന്നും അർത്ഥമില്ല. ചിക്കാഗോക്കു അടുത്ത് പ്യുരിയ എന്ന സ്ഥലത്താണ് എന്റെ അഭ്യാസ പ്രകടനങ്ങൾ ആരംഭിക്കുന്നത്. അവിടെ ആകെ ഉള്ള ഒരു ഡ്രൈവിംഗ് സ്കൂളിലെ വയസ്സനായ ഇൻസ്ട്രക്ടർ എന്നെ പഠിപ്പിക്കാനുള്ള ഭാരിച്ച ഉത്തരവാദത്തം ഏറ്റെടുത്തു.അയാൾക്ക്‌ ദീർഘദൃഷ്ടി വളരെ കുറവായിരുന്നു എന്ന് ഇന്നും എന്റെ മനസ്സ് പറയുന്നു. അങ്ങനെ എന്റെ ഡ്രൈവിംഗ് പഠനം ആരംഭിക്കുകയും ഓരോ ദിവസവും അയാളുടെ വായിലുള്ള പുതിയ പുതിയ അമേരിക്കൻ തെറികൾ ഞാൻ ഹൃദിസ്ഥമാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു മനുഷ്യന്റെ അറിവ് വർദ്ധിക്കുന്നത് പുസ്തകവായനയേക്കാൾ കൂടുതൽ മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ആണെന്ന മഹദ് വചനത്തിന് അടിവര ഇടുന്നതായി ഞങ്ങളുടെ പഠനരീതി. അഞ്ച് ക്ലാസുകൾ കഴിഞ്ഞപ്പോൾ ഞാൻ ഒരു നല്ല ഡ്രൈവർ ആയി എന്ന ബോധം എനിക്ക് തോന്നി തുടങ്ങി; അമ്പത് ക്ലാസ് കഴിഞ്ഞാലും ഞാൻ എങ്ങും എത്തില്ല എന്ന ബോധം അയാൾക്കും. എങ്കിലും ആറ് ക്ലാസ് കഴിഞ്ഞപ്പോൾ എനിക്ക് ടെസ്റ്റിന് പോകണം എന്ന് ഞാൻ ആവശ്യം ഉന്നയിച്ചു. ഞാൻ അതിനുള്ള പക്വത എത്തിയിട്ടില്ലെന്ന് അദ്ദേഹം പല പ്രാവശ്യം പറഞ്ഞു. ഹൈവേയുടെ ഒത്ത നടുവിൽ ഞാൻ സഡൻബ്രേക്ക് പരീക്ഷിച്ചതൊന്നും അയാൾ മറന്നിട്ടില്ലന്നു തോന്നുന്നു. എങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങി കണ്ടറിയാത്തവൻ കൊണ്ടറിയട്ടെ എന്ന ഭാവത്തിൽ എന്നെ ടെസ്റ്റിന് കൊണ്ടുപോകാൻ അയാൾ സമ്മതിച്ചു. 
 
ഞാൻ അങ്ങനെ ടെസ്റ്റിന് റെഡി ആയി കാറിൽ കയറി ഇരുന്നു. അടുത്ത സീറ്റിൽ ലേഡി സൂപ്പർവൈസറും. റോഡ് നിയമങ്ങളിൽ എല്ലാം വളരെ അധികം പ്രാവിണ്യം ഉള്ളവനാണ് ഞാൻ എന്ന ഭാവത്തിൽ വണ്ടി പതുക്കെ മുന്നോട്ടു നീങ്ങി. അടുത്തുകൂടി പോകുന്ന പല വണ്ടികളും റോഡ് നിയമങ്ങൾ പാലിക്കാത്തതിലുള്ള അമർഷം നവരസങ്ങളിലൂടെ ഞാൻ മുഖത്ത് പ്രതിഫലിപ്പിച്ചുകൊണ്ടേ ഇരുന്നു. പോകുന്ന വഴിയിലൊക്കെ ഞാൻ കുറെ പുച്ഛഭാവം വാരിവിതറി. കുറെ നേരം കഴിഞ്ഞു ഒരു ഇടവഴിയിൽ എത്തിയപ്പോൾ എന്നോട് അങ്ങോട്ട് തിരിക്കാൻ പറഞ്ഞു. ഇതൊക്കെ എന്ത് ചീള് കേസ് എന്ന ഭാവത്തിൽ ഞാൻ അതുപോലെ ചെയ്തു. ഇനി റിവേഴ്‌സ് ഇട്ടു തിരിക്കാൻ ആവശ്യപ്പെട്ടു. അതും ഞാൻ വിജയകരമായി പൂർത്തിയാക്കി. ഇനി വന്നവഴിയെ തന്നെ മുന്നോട്ടു പോകാം എന്ന് പറഞ്ഞു. എനിക്ക് പിന്നീട് ഒരു മിനിറ്റ് നേരത്തേക്ക് ബോധം ഇല്ലായിരുന്നു. ഞാൻ കണ്ണ് തുറന്നപ്പോൾ ഞാനും വണ്ടിയും ആ ലേഡി സൂപ്പർവൈസറും ആലിംഗനബദ്ധരായി ഒരു കുഴിയിൽ കിടപ്പുണ്ട്. പിന്നീട് അവരുടെ സഹായത്തോടെ വണ്ടി മുന്നോട്ടു എടുത്തു. അപ്പോഴാണ് ഞാൻ ചെയ്ത ഒരു നിസാര പിശക് എന്റെ ശ്രദ്ധയിൽ പെട്ടത്. റിവേഴ്‌സ് ഇടാൻ പറഞ്ഞ ഗിയർ മുന്നോട്ടു മാറ്റാതെ ആയിരുന്നു ഞാൻ വണ്ടി മുന്നോട്ടു എടുത്തത്. ആര്ക്കും പറ്റാവുന്ന ഒരു നിസാര പിശക് !!!
 
അങ്ങനെ വണ്ടി തിരിച്ചു DMV യിൽഎത്തി. എന്റെ ഇൻസ്ട്രക്ടർ ആകാംഷാ ഭരിതനായി പുറത്തു നിൽപ്പുണ്ട്. ഫലത്തെ കുറിച്ച് അയാൾക്ക്‌ സംശയം ഒന്നുമില്ലെന്ന്‌ മുഖഭാവം വിളിച്ച്  അറിയിക്കുന്നുണ്ട്. പുറത്തിറങ്ങിയപാടെ ചോദിച്ചു “എന്തായി എന്തായി?”. ഞാൻ പറഞ്ഞു സൂപ്പർവൈസർ വെയിറ്റ് ചെയ്യാൻ പറഞ്ഞു എന്ന്. അപ്പോൾ അയാളുടെ മുഖം വിളറി. “ഇനിയെങ്ങാനും കിട്ടിക്കാണുമോ ?”. അയാൾ തന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. എന്നോട് സൂപ്പർവൈസർ വെയിറ്റ് ചെയ്യാൻ പറഞ്ഞത് തോറ്റതിന്റെ സർട്ടിഫിക്കറ്റ് തരാനായിരുന്നു. അപ്പോൾ അയാൾക്ക്‌ സന്തോഷമായി. അയാൾ പറയുവാ “ഇപ്രാവശ്യം നിനക്ക് ലൈസൻസ് കിട്ടിയിരുന്നേൽ ഞാൻ ഡ്രൈവിംഗ് പഠിപ്പിക്കൽ നിർത്തിയിട്ടു  “Wonders in Driving Test” എന്ന പുസ്‌തകം  എഴുതിയേനെ എന്ന്. പുരയ്ക്കു തീ പിടിച്ചപ്പോൾ അങ്ങേരു ഒരു ചെറിയ ഏത്തവാഴ വെട്ടി എന്ന് എനിക്ക് മനസ്സിലായി. അപ്പോൾ അന്തരീക്ഷത്തിൽ ഒരു പാട്ടു ഒഴുകി വന്നു.. “അപ്പോഴേ  പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്ന്”. 
 
ഇങ്ങനെ പലവുരു DMV യിൽ പോയപ്പോൾ എല്ലാവരുമായി നല്ല കമ്പനി ആയി. വീണ്ടും അവിടെ പോകാനുള്ള അഭിനിവേശം കാരണം പാസാകാമായിരുന്നിട്ടും ഞാൻ പലപ്പോഴും തോറ്റു കൊടുത്തിട്ടുണ്ട്. അങ്ങനെ ഒരു തവണ രാഷ്ട്രപതിയുടെ ദയാവധം പോലെ ഞാൻ വിജയശ്രീലാളിതനായി. 
 
My friend’s Driving test
 
ലോകത്തിൽ ഞാൻ മാത്രമാണ് ഇത്രയധികം കഠിനാദ്ധ്വാനം ചെയ്ത് ലൈസൻസ് നേടിയത് എന്ന് അഹങ്കരിച്ച് ഇരിക്കുമ്പോഴാണ് എന്നെ കടത്തി വെട്ടി ഒരു സുഹൃത്ത് അവതരിക്കുന്നത്. പരമ സാത്വികനായ ഒരു തമിഴ്നാട്ടുകാരൻ. ഒരു കാലത്ത് DMV -യിൽ ഉള്ളവർക്ക് എന്നും വിഷുക്കണി ആയിരുന്നു. കണ്ണ് തുറക്കുമ്പോൾ അവർ കാണുന്നത് അവനെ ആയിരുന്നു. ഒരിക്കൽ അവൻ ഡ്രൈവിംഗ് ടെസ്റ്റിന് പോയി. പോകുന്ന വഴിയെല്ലാം അടുത്തുകൂടി പോകുന്ന വണ്ടിയെല്ലാം മുട്ടിയുരുമ്മി പോകുന്നത് കണ്ടു സൂപ്പർവൈസർ പേടിച്ചു പോയി. അവർ പറഞ്ഞു “I want to go back to DMV”. അവൻ ഉടനെ വണ്ടി റിവേഴ്‌സ് ഗിയറിൽ ഇട്ടു പുറകോട്ടു എടുക്കാൻ തുടങ്ങി. അവർ പറഞ്ഞ go back എന്ന വാക്ക് അവനെ നല്ലപോലെ സ്വാധീനിച്ചെന്ന് തോന്നുന്നു. ഏതായാലും ലൈസൻസിന്റെ വിധി എന്തായെന്ന് കൂടുതൽ പറയേണ്ടതില്ലല്ലോ;
 
അടുത്ത തവണ ആണ് കൂടുതൽ രസം. വണ്ടി എടുത്തു ഒരു ജംഗ്ഷനിൽ എത്തി. അവിടെ നിന്ന് വലത്തോട്ടാണ് പോകേണ്ടത്. അവിടെ ഒരു പെഡസ്ട്രിയൻ ക്രോസിങ് ഉണ്ട്. അവിടെ രണ്ട് പേർ ക്രോസ്സ് ചെയ്യാൻ നിൽപ്പുണ്ട്. അവന്റെ മനസ്സ് പറഞ്ഞു “ഇത് തന്നെ റോഡ് നിയമങ്ങൾ പാലിക്കാൻ എനിക്കറിയാമെന്നു തെളിയിക്കാനുള്ള ഏറ്റവും നല്ല അവസരം”. അവൻ കാർ നിർത്തി. പെഡസ്ട്രയിൻസ് ക്രോസ്സ് ചെയ്ത് പാതി വഴി പിന്നിട്ടു . എന്നിട്ടു അവൻ വണ്ടി എടുക്കുന്നില്ല. പുറകിലുള്ള ആളുകൾ ഹോൺ അടിക്കാൻ തുടങ്ങി. അപ്പോൾ സൂപ്പർവൈസർ ചോദിച്ചു എന്താ പോകാത്തെ എന്ന്. അവന്റെ ഉത്തരം “മാഡം , ഇൻ കേസ് , അവർ മനസ്സ് മാറി തിരിച്ചു വന്നാൽ എന്ത് ചെയ്യും ? അതുകൊണ്ടു അവർ അങ്ങേത്തലക്കൽ എത്തിയിട്ട് മാത്രം പോകാം എന്ന് കരുതി”. ഇപ്രാവശ്യവും ലൈസൻസ് ഗോപി !.
 
My friend’s gift to his mother
 
മുകളിൽ പറഞ്ഞ എൻ്റെ സുഹൃത്ത് പിശുക്കിൽ നോബൽ സമ്മാനത്തിന് മത്സരിക്കുന്ന ഒരാൾ ആയിരുന്നു. ഒരിക്കൽ അവന്റെ റൂംമേറ്റ് നാട്ടിൽ പോവുകയായിരുന്നു. അപ്പോൾ അവൻ പറഞ്ഞു “അവൻ നാട്ടിൽ പോകുമ്പോൾ എന്റെ അമ്മയ്ക്ക് എന്തെങ്കിലും കൊടുത്തയക്കണം. എപ്പോഴൊക്കെ അമ്മ അത് കാണുന്നുവോ, അപ്പോഴൊക്കെ എന്നെ ഓർക്കണം”. അത് കേട്ടപ്പോൾ  ഞങ്ങളെല്ലാം അന്തം വിട്ടു നിന്നു. അന്താരാഷ്ട്ര പിശുക്കനായ അവൻ പൈസ മുടക്കി അമ്മക്ക് എന്തെങ്കിലും കൊടുത്തു വിടുകയോ ? അസംഭവ്യം..  റൂംമേറ്റ് നാട്ടിൽ പോകാൻ നേരം അവൻ ഒരു വലിയ പൊതിയുമായി വന്നു. ആലുക്കാസ് ജ്വല്ലറി പൂട്ടിക്കെട്ടുന്നപോലെ മൂന്നു ലെയർ ചുറ്റിയ ഒരു പൊതി. ഞങ്ങളുടെ ആകാംഷ ഇരട്ടിച്ചു. ഇവൻ എന്താണാവോ ഇത്രവലിയ സമ്മാനം അമ്മക്ക് കൊടുത്തുവിടുന്നത് ? ചെന്നൈ എയർപോർട്ടിൽ ഇറങ്ങിയാലുടൻ ആ പൊതി അഴിച്ചു എന്താണ് അതിൽ എന്നറിയാൻ അവന്റെ കൂട്ടുകാരനെ ഞങ്ങൾ  ചട്ടം കെട്ടി. അവൻ പറഞ്ഞതുപോലെ ചെയ്തു. എന്തായിരുന്നു ആ പൊതിയിൽ എന്ന് അറിയണ്ടേ മാളോരേ ? മൂന്നു കിലോ Cascade സോപ്പ് പൊടി !!! 9 ഡോളറിന്റെ മുതൽ !!!ശരിയാണ്, എപ്പോഴൊക്കെ അവന്റെ അമ്മ പാത്രം കഴുകുന്നുവോ, അപ്പോഴൊക്കെ അവർ ആ മകനെ ഓർക്കാതിരിക്കില്ല…..എനിക്ക് പിറക്കാതെ പോയ മകനല്ലോ ഉണ്ണീ നീ എന്ന് മറ്റേതെങ്കിലും അമ്മമാർ അവനെക്കുറിച്ച് ഓർത്താൽ അവരെയും കുറ്റം പറയാൻ കഴിയില്ല. 
 
Vodka vs Water
 
ഒരിക്കൽ ഞാൻ ഒരു അമേരിക്കൻ റെസ്റ്റാറ്റാന്റിൽ കഴിക്കാൻ പോയി. വെയ്റ്റർ വന്നു എന്നോട് കുടിക്കാൻ എന്ത് വേണം എന്ന് ചോദിച്ചു. എന്റെ സുഹൃത്തുക്കൾ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു, സാധാരണ മലയാളികൾ ഇംഗ്ലീഷ് പറയുന്നത് പോലെ പറഞ്ഞാൽ അമേരിക്കക്കാർക്ക് മനസ്സിലാകില്ല. ഒരു ആഷ് പൂഷ് സ്റ്റൈലിൽ വേണം പറയാൻ എന്ന്. അതുകൊണ്ടു കിറി  ഒരു സൈഡിലേക്ക് കോട്ടി , നാവു ഒരു സൈഡിലേക്ക് നീട്ടി “വാട്ടർ” എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു പെഗ് വോഡ്‌ക എന്റെ മുമ്പിൽ എത്തി. എന്റെ വാട്ടർ അവർക്കു മനസ്സിലായത് വോഡ്‌ക എന്നാണ്. അതിനു ശേഷം കുറെ നാളത്തേക്ക്, ടു കണ്ട്രീസ് എന്ന സിനിമയിൽ സുരാജ് കാണിക്കുന്നപോലെ വായിൽ ഒരു വിരലിട്ടു മാത്രമേ ഞാൻ ഓർഡർ ചെയ്യാറുള്ളു.. !!!
 
Car Defrost
 
മാസങ്ങൾ കഴിഞ്ഞു ഞാൻ ജോലി മാറി ലോസ് ആഞ്ചലസിൽ എത്തി. അവിടെ ഒരു അപ്പാർട്മെന്റിൽ ഞങ്ങൾ നാല് പേർ. അവിടെ അകലെ ഒരു സ്ഥലത്ത് ന്യൂ ഇയർ ആഘോഷം നടക്കുന്നു. എല്ലാവർക്കും പോകണമെന്നുണ്ട്. പക്ഷെ ആർക്കും വണ്ടിയില്ല. അവസാനം വണ്ടി വാടകയ്ക്ക് എടുക്കാൻ  തീരുമാനിച്ചു. ലൈസൻസ് ഉള്ള ഏകമഹാൻ ഞാൻ മാത്രം. ലൈസൻസ് കിട്ടിയതിനു ശേഷം ഞാൻ വണ്ടി ഓടിച്ചിട്ടേ ഇല്ല എന്ന ഒരു ആനുകൂല്യവും എനിക്കുണ്ട്. അവസാനം ഒരു വണ്ടി വാടകയ്ക്ക് എടുത്തു. പോകുന്ന വഴി തുള്ളിക്കൊരു കുടം പോലെ പെരുമഴ. ഗ്ലാസ് മുഴുവൻ ഒന്നും കാണാൻ പാടില്ലാത്ത അവസ്ഥ. വൈപ്പർ ഇട്ടിട്ടും പ്രത്യേകിച്ച് ഗുണമൊന്നുമില്ല. തൊട്ടടുത്തിരുന്ന സുഹൃത്ത് ഇട്ടിരുന്ന ടി-ഷർട്ട് ഉപയോഗിച്ച് ഗ്ലാസിലെ ഫ്രോസ്‌റ്  കളയാൻ ആരംഭിച്ചു. പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകാത്തതുകൊണ്ടു എമർജൻസി ലൈറ്റിട്ടു അരുകിൽ നിർത്തി. ഒരു പോലീസ്‌കാരൻ വന്നു കാറിൽ ഡീഫ്രോസ്റ് ചെയ്യാൻ ഒരു ബട്ടൺ ഉണ്ട് എന്നതിനെക്കുറിച്ചു ഒരു ക്ലാസ് എടുത്തു മടങ്ങി.
 
Kohls 30% Coupon
 
ഒരിക്കൽ ഞാൻ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി. അദ്ദേഹത്തിന്റെ ഭാര്യ 9 മാസം ഗർഭിണി. ഡ്യൂ ഡേറ്റിനു ഒരു ആഴ്ച കൂടി മാത്രം. ഞാൻ ചോദിച്ചു എങ്ങനെയുണ്ട് ആരോഗ്യ സ്ഥിതി എന്ന്. ഉടനെ മറുപടി ” ശ്രീകുമാറെ, ഞാൻ എങ്ങനേലും ഡേറ്റ് ആകാനായി നോക്കിയിരിക്കുകയാണ്, ഭയങ്കര ക്ഷീണം , എപ്പോഴും  കിടക്കാൻ തോന്നുകയാണ്. പുറത്തേക്കിറങ്ങാൻ തോന്നുന്നില്ല.ഭക്ഷണത്തിന് ആണെങ്കിൽ ഒരു രുചിയും ഇല്ല”.  എനിക്കും കഷ്ടം തോന്നി. ഞാൻ അവിടെ നിന്ന് ഇറങ്ങി വാൾമാർട്ടിലും പോയി പിന്നീട് കോൾസിലും കയറി. അപ്പോൾ ഞാൻ ഒരു കാഴ്ച കണ്ടു. മുകളിൽ പറഞ്ഞ , വളരെ അവശ ആണെന്ന് സ്വയം  പ്രഖ്യാപിച്ച ആ കഥാപാത്രം പുലി പോകുന്ന പോലെ കോൾസിലൂടെ  പായുന്നുണ്ട്. ഞാൻ മുമ്പിൽ കയറി നിന്ന് ചോദിച്ചു എങ്ങോട്ടാ ഇത്ര ധൃതിയിൽ എന്ന്. മറുപടി അതിരസകരം “അതെ , ഹസ്ബൻഡ് ഇപ്പോൾ മെയിൽ നോക്കിയപ്പോഴാ കോൾസിലെ 30% കൂപ്പൺ കണ്ടത്. ഇനി ഞാൻ ഈ വീക്ക് എങ്ങാൻ പ്രസവിച്ചാൽ ഈ കൂപ്പൺ എക്സ്പയർ ആകും. അതുകൊണ്ടു ഇന്ന് തന്നെ ഉപയോഗിക്കാം എന്ന് വച്ചു”. ഏതൊരു ഗർഭക്ഷീണത്തെയും പമ്പ കടത്താൻ കോൾസിലെ 30% കൂപ്പണ് കഴിയും എന്ന് സാരം.
 
Black Friday Sale
 
ഞങ്ങൾ 10 സുഹൃത്തുക്കൾ ഒരിക്കൽ താങ്ക്സ് ഗിവിങ് ദിവസം രാത്രിയിൽ ഒരിടത്തു ഒത്തുകൂടി. ഭാര്യമാർക്കെല്ലാം ബ്ലാക്ക് ഫ്രൈഡേ പർച്ചേസിന് പോകണം. എല്ലാ മഹതികളും കൂടി രാത്രി 12  മണിക്ക് തന്നെ ലൈനിൽ നിൽക്കാനുള്ള തയ്യാറെടുപ്പിൽ കോൾസിലേക്ക് പുറപ്പെട്ടു. കട തുറക്കണമെങ്കിൽ രാവിലെ 4 മണിയാകണം. അതുവരെ ലൈനിൽ നിൽക്കാനാണ്  പദ്ധതി. പുറത്താണെങ്കിൽ മരം കോച്ചുന്ന തണുപ്പ്. 10 പേരും ലൈനിൽ ആദ്യം തന്നെ ഹാജർ. നാട്ടിൽ അത്യാവശ്യം വേണ്ട ആധാർ കാർഡിന് അപേക്ഷിക്കാൻ പോയിട്ട് 4  പേരെ ലൈനിൽ കണ്ടിട്ട് ഭയങ്കര തിരക്കാണ് എന്ന് പറഞ്ഞു തിരിച്ചു പോന്നവരാണ് മുകളിൽ പലരും. അങ്ങനെ 4 മണിക്ക് കടതുറന്ന് 10 പേരും അകത്തു കയറി. പിന്നെ ആന കരിമ്പിൻകാട്ടിൽ കയറുന്ന പോലെ ഒരു പ്രകടനമാണ് അവിടെ കണ്ടത്. ഒരു 8 അടി നീളമുള്ള ട്രോളി എവിടെ നിന്നോ സംഘടിപ്പിച്ചു. എല്ലാവർക്കും 6  സാധനങ്ങൾ വച്ച് വാങ്ങണം. ഓരോന്ന് എടുത്ത് ട്രോളിയിൽ അട്ടിയിട്ട് വച്ചുകൊണ്ട് ഇരുന്നു. അങ്ങനെ അര മണിക്കൂർ കൊണ്ട് “ഓപ്പറേഷൻ കോൾസ്” പൂർത്തിയാക്കി. അതിൽ ഒരാളെ ട്രോളി ഏൽപ്പിച്ചു കൗണ്ടറിലേക്കു നടന്നുകൊള്ളാൻ നിർദേശം കൊടുത്തു ബാക്കിയുള്ളവർ കടയുടെ ശേഷിച്ച ഭാഗം അരിച്ചുപെറുക്കാൻ പോയി. ആ ഹതഭാഗ്യ പിന്നിൽ നിന്ന് ട്രോളി തള്ളി കൗണ്ടറിലേക്ക് നടക്കുകയാണ്. 6 അടി ഉയരത്തിലാണ് ട്രോളിയിൽ സാധനങ്ങൾ അടുക്കി വച്ചിരിക്കുന്നത്. അതുകൊണ്ടു ട്രോളി തള്ളി വരുന്ന ആളെ മുൻപിൽ ഉള്ളവർക്ക് കാണാൻ പാടില്ല. പലരും വിചാരിച്ചതു റീസ്റ്റോക്ക് ചെയ്യുവാനായി കോൾസിന്റെ സ്റ്റാഫ് സാധനങ്ങൾ ട്രോളിയിൽ കൊണ്ടുവരുന്നതാണ് എന്നാണ്. വന്നവർ വന്നവർ അവരവർക്കു വേണ്ട സാധനങ്ങൾ ട്രോളിയിൽ നിന്നും എടുത്തു പോയിക്കൊണ്ടേ ഇരുന്നു. മുൻപിൽ നടക്കുന്ന ഒരു സംഭവ വികാസങ്ങളും ട്രോളിയുടെ ഉടമ അറിഞ്ഞതേ ഇല്ല. രണ്ട് മിനിറ്റ് കഴിഞ്ഞു മറ്റു 9  പേർ എത്തിയപ്പോൾ  ഒരു ട്രോളിയും ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോറ്റപോലെ നമ്മുടെ ഭവതിയും അവിടെ ബാക്കിയുണ്ട്. പിറ്റേ ദിവസം വൈകുന്നേരം 4  മണിയായപ്പോൾ 16 മണിക്കൂർ നേരത്തെ മാരത്തോൺ ഷോപ്പിങ്ങിനു ശേഷം എല്ലാവരും തിരിച്ചെത്തി. വണ്ടി നിറയെ സാധങ്ങൾ പ്രതീക്ഷിച്ച ഭർത്താക്കന്മാരായ ഞങ്ങൾ കണ്ടത് എല്ലാവരുടെയും കയ്യിൽ ഓരോ പുതപ്പ് മാത്രം!!! എന്ത് പറ്റി എന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു “ഞങ്ങൾ എല്ലാം വാങ്ങിയതായിരുന്നു. നിർഭാഗ്യവശാൽ ബില്ല് ചെയ്തത് നാട്ടുകാർ ആയിപ്പോയി”
 
Dr. XYZ – a famous doctor 
 
എന്റെ ഭാര്യ, മൂത്ത മോളെ ഗർഭം ധരിച്ചു എന്ന് അറിഞ്ഞ സമയം. അന്നൊക്കെ ഞാൻ താമസിക്കുന്ന സ്ഥലത്തുള്ള മിക്കവാറും ഇന്ത്യൻ സ്ത്രീകൾ പോകുന്ന ഒരു ഗൈനക്കോളജി ഗ്രൂപ്പുണ്ട്.അവിടത്തെ പ്രധാന ഡോക്ടർ ഇന്ത്യക്കാർക്കിടയിൽ വളരെ പ്രശസ്ത ആയിരുന്നു. ഞങ്ങളും ആദ്യ വിസിറ്റിനു ഡോക്ടറെ കാണാൻ പോയി. ഞാൻ അമേരിക്കയിൽ ഒരു ക്ലിനിക്കിൽ ആദ്യമായി പോകുകയാണ്. ചെന്ന ഉടനെ റിസെപ്ഷനിസ്റ് ഞങ്ങളെ ഒരു റൂമിൽ കൊണ്ടുപോയി ഇരുത്തി. പിന്നീട് “ഡോക്ടർ” റൂമിൽ എത്തി. അച്ഛനും അമ്മയും ആകാൻ പോകുന്ന ഞങ്ങളെ അവർ അഭിനന്ദിച്ചു. ഇനി പാലിക്കേണ്ട ഭക്ഷണ രീതികൾ , ചെക്കപ്പിന് വരേണ്ട തീയതികൾ എല്ലാം അവർ വളരെ വിശദമായി വിവരിച്ചു. ഇത്രയും പ്രശസ്തയായ ഇവരെക്കുറിച്ച് എന്തെങ്കിലും നല്ലതു പറയാതെ പോരുന്നത് വളരെ മോശമാണെന്ന് എന്റെ മനസ്സ് പറഞ്ഞു.  ഞാൻ പറഞ്ഞു “നിങ്ങളെക്കുറിച്ചു വളരെ അധികം കേട്ടിട്ടുണ്ട്. ഞങ്ങൾ ഇൻഡ്യക്കാർക്കിടയിൽ നിങ്ങൾ വളരെ പ്രശസ്തയാണ്”. ഇത് കേട്ട പാടെ അവർ എന്നെ അത്ഭുതത്തോടെ  നോക്കി. ഒരു രൂക്ഷ നോട്ടം ഭാര്യയും സമ്മാനിച്ചു. എങ്കിലും പറഞ്ഞത് സത്യമായിരിക്കും എന്ന് കരുതി അവർ സംഭാഷണം തുടർന്നുകൊണ്ടേ  ഇരുന്നു. വീണ്ടു ഞാൻ അടുത്ത വെടി  പൊട്ടിച്ചു “നിങ്ങളെക്കുറിച്ചു ഞങ്ങളുടെ സുഹൃത്തുക്കൾ എപ്പോഴും പറയാറുണ്ട്, വളരെ നല്ല പെരുമാറ്റം , നല്ല കെയറിങ്”. ഇതുകൂടി കേട്ടപ്പോൾ ഭാര്യ എന്റെ കാലിൽ ചവിട്ടുകയും പരിഹാരക്രിയ പോലെ ഉടനെ തൊട്ടു തലയിൽ വയ്ക്കുകയും ചെയ്തു. അപ്പോൾ ഞാൻ എന്തോ പന്തികേട് മണത്തു. അവരുടെ ഭർത്താവ് പോലും അവരെ ഞാൻ മനസിലാക്കിയ രീതിയിൽ മനസ്സിലാക്കിയിട്ടില്ല എന്ന് അവരുടെ മുഖഭാവം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. പിന്നീട് അവർ ഞങ്ങളെ വേറൊരു മുറിയിലേക്ക് കൊണ്ടുപോയി. “ഡോക്ടർ ഇപ്പോൾ വരും” എന്ന് മൊഴിഞ്ഞിട്ടു അവർ അപ്രത്യക്ഷയായി. അപ്പോഴാണ് ഇപ്പോൾ വന്നത് പൈലറ്റ് വണ്ടി മാത്രമാണെന്നും ഡോക്ടർ ഇനി വരാൻ പോകുന്നെ ഉള്ളു എന്ന നഗ്നസത്യം ഞാൻ മനസ്സിലാക്കിയത്. ഇന്ത്യയിൽ ഡോക്ടർ ആദ്യം , നേഴ്സ് പുറകെ. ഇവിടെ നേഴ്സ് ആദ്യം, ഡോക്ടർ പുറകെ !!! 
 
Velayudhan vs Bill 
 
ഒരിക്കൽ എനിക്ക് ജോലി സംബന്ധമായ ഒരു ഇന്റർവ്യൂ വന്നു. ക്ലയന്റിന്റെ ഭാഗത്ത് നിന്നും ഒരു “ബിൽ പാറ്റ്” എന്നെ ഇന്റർവ്യൂ ചെയ്യാൻ വിളിക്കുമെന്ന് എന്റെ എംപ്ലോയർ അറിയിച്ചു. ഫോണിൽ കൂടി സംസാരിച്ചപ്പോൾ അദ്ദേഹത്തിൽ ഒരു മലയാളി ചുവ ഫീൽ ചെയ്യുകയും അത് എന്റെ വെറും തെറ്റിദ്ധാരണ ആയി ഞാൻ തള്ളിക്കളയുകയും ചെയ്തു. ആരോ പറഞ്ഞപോലെ “മലയാളി ആണല്ലേ? എങ്ങനെ മനസ്സിലായി ? ഇംഗ്ലീഷ് കേട്ടപ്പോൾ മനസ്സിലായി”.  ഞാൻ ജോലി കിട്ടി ആദ്യ ദിവസം റിപ്പോർട്ട് ചെയ്യാൻ പോയി. അപ്പോൾ മേൽപ്പറഞ്ഞ “ബിൽ പാറ്റ്” എന്റെ ക്യൂബിൽ വരുകയും സ്വയം പരിചയപ്പെടുത്തി പിൻവാങ്ങുകയും ചെയ്തു. അപ്പോൾ അയാൾ ഒരു ഇന്ത്യക്കാരൻ ആണെന്ന് ഞാൻ ഉറപ്പിച്ചു. യാദൃച്ഛികമായി ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു മലയാളിയെ പരിചയപ്പെടുകയും ആ സ്ഥലത്തു എവിടെയാണ് കേരള ഭക്ഷണം കിട്ടുക എന്ന് ആരായുകയും ചെയ്തു. അയാൾ പറഞ്ഞതനുസരിച്ചു ഞാൻ വൈകുന്നേരം ആ മലയാളീ ഹോട്ടലിൽ കഴിക്കാൻ പോയപ്പോൾ ദാ അവിടെ ഇരിക്കുന്നു നമ്മുടെ സാക്ഷാൽ  “ബിൽ പാറ്റ്”. അദ്ദേഹം കപ്പയും ബീഫ് ഫ്രൈയും മൂക്ക് മുട്ടെ അടിച്ചു വിടുകയാണ്. ഈ വിവരം ഞാൻ എന്റെ മറ്റേ മലയാളി സുഹൃത്തിനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു “അയാൾ  “ബിൽ പാറ്റ്” അല്ല.. “വേലായുധൻ പട്ടഞ്ചേരിൽ” ആണ്. അമേരിക്കക്കാർ വില്യം , ബിൽആക്കിയതുപോലെ പോലെ വേലായുധനും ബിൽ ആയി. പിന്നീടുള്ള പ്രയാണത്തിൽ “കാറ്റ്” ആയി മാറിയ “കുട്ടപ്പനെയും” “ജാക്ക്” ആയി മാറിയ “ജഗദീഷിനെയും” എല്ലാം നിരവധി കണ്ടുമുട്ടിയിട്ടുണ്ട്.
 
മേല്പറഞ്ഞ ഇന്റർവ്യൂ വന്നത് “ഒഹീയോ” സ്റ്റേറ്റിൽ നിന്നാണ്. നിങ്ങൾ ഇപ്പോൾ ചിരിക്കുന്നുണ്ടാകും ഏതാണ് ഈ സ്റ്റേറ്റ് എന്നോർത്ത്. “Ohio” എന്ന് എഴുതിയിട്ട് “ഒഹായോ” എന്ന് വായിക്കാൻ ഞാൻ അത്ര മണ്ടൻ ഒന്നുമല്ല. അതും പോരാഞ്ഞു “കാർലിസ്‌ലെ പൈക്കിനടുത്തു” ( Carlisle Pike – കാർലൈൽ പൈക്) കുറെ നാളായി താമസിക്കുന്ന എനിക്ക് ഇതൊക്കെ എന്ത് ? പത്താം ക്ലാസ്സിൽ ബയോളജി ടീച്ചർ “കിഡ്നി” എന്ന് പറഞ്ഞപ്പോൾ  ക്ലാസ്സിലുള്ള കുട്ടികളെല്ലാം അത് മറ്റെന്തോ ആണെന്നോർത്ത്‌ ഊറി ഊറി ചിരിച്ചത് ഈ അവസരത്തിൽ ഞാൻ ഓർത്തു പോകുന്നു. കൂടാതെ കോളേജിൽ പ്രീ-ഡിഗ്രിക്ക് ചേർന്നപ്പോൾ ആദ്യത്തെ ഫിസിക്സ് ക്ലാസ്. നാട്ടിൻപുറത്തെ മലയാളം മീഡിയം സ്കൂളിൽ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള ഒരു മൈഗ്രേഷൻ. ന്യൂട്ടന്റെ ചലന നിയമങ്ങൾ പ്രൊഫസർ പഠിപ്പിക്കാൻ ആരംഭിച്ചു ” “A body will continue in a state of rest or uniform motion……” ഇതിൽ ബോഡി എന്ന് പറഞ്ഞപ്പോൾ ഞാൻ അടക്കമുള്ള കുട്ടികൾ ചിരിക്കാൻ തുടങ്ങി. അന്ന് ഞങൾ ആകെ കേട്ടിട്ടുള്ള ബോഡി ഓർ ബാഡി, 90 കഴിഞ്ഞ മുത്തശ്ശിമാർ മാറുമറയ്ക്കാൻ ഉപയോഗിക്കുന്ന വസ്ത്രമാണ്.
 
Z vs ISAD   
 
ഇംഗ്ലീഷ് അക്ഷരമാലയിലെ അവസാനത്തെ അക്ഷരം. ഗ്രീക്ക് അക്ഷരമാലയിലെ ആറാമത്തെ അക്ഷരം “Z”. ഞാൻ ഇന്നിവിടെ അവതരിപ്പിക്കാൻ പോകുന്ന കഥയുടെ പേര് “ഇസഡ്”. കഥാപ്രസംഗലോകത്തെ മുടിചൂടാ മന്നനായിരുന്ന വി. സാംബശിവന്റെ “ഇസഡ്” എന്ന കഥാപ്രസംഗം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഞാൻ പറയാൻ പോകുന്ന കഥയും “ഇസഡിനെ” പറ്റിയാണ്. എന്റെ ഒരു സുഹൃത്തിന്റെ സർനെയിം “Pazhayattil” എന്നാണ്. അദ്ദേഹം നാട്ടിൽ നിന്ന് ഇവിടെ എത്തി ഒരു ദിവസം ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പോയി. ടെല്ലർ, സർനെയിമിന്റെ സ്പെല്ലിങ് പറയാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു തുടങ്ങി “പി-എ-ഇസഡ്-എച്-എ-വൈ-എ-ടി-ടി-ഐ-എൽ”. ടെല്ലറുടെ തല കറങ്ങി തുടങ്ങി. പല പ്രാവശ്യം പറഞ്ഞപ്പോൾ ഒരു വിധം എല്ലാം മനസ്സിലായി. പക്ഷെ മൂന്നമത്തെ അക്ഷരം അയാളെയും കൊണ്ടേ പോകൂ എന്ന് തോന്നി. അങ്ങേരു പഠിച്ച ഒരു ഇംഗ്ലീഷിലും “ഇസഡ്” എന്ന ഒരു അക്ഷരം ഇല്ല. അവസാനം Z എഴുതിക്കാണിച്ചപ്പോൾ ടെല്ലർ പറഞ്ഞു : – ” ഓഹ്… സ്സി”.
 
Zero vs Jeero 
 
തമിഴരും തെലുങ്കരും മിക്കവാറും സീറോ എന്ന് പറയുന്നതിന് ജീറോ എന്നെ പറയൂ. ഒരിക്കൽ എന്റെ ഒരു തെലുങ്ക് സുഹൃത്ത് ഒരു ഫാസ്റ്റ് ഫുഡ് ഷോപ്പിൽ പോയി സാധനങ്ങൾ ഓർഡർ ചെയ്തു. അയാളുടെ ഓർഡർ നമ്പർ 20. അയാൾ മാറി അവിടെ തന്നെ ഒതുങ്ങി നിന്നു. അപ്പോൾ വേറൊരു ആൾ ചോദിച്ചുഎന്താ വേണ്ടേ എന്ന്. അയാൾ പറഞ്ഞു ഞാൻ ഓർഡർ കൊടുത്തു എന്ന്. എന്താ ഓർഡർ എന്ന് ചോദിച്ചപ്പോൾ മറുപടി “ടു ജീറോ”. കുറച്ചു കഴിഞ്ഞപ്പോൾ ഗ്രീക്ക് ഭക്ഷണമായ 2 Gyro റെഡി !!!
 
വാൽക്കഷ്ണം : മുകളിൽ പറഞ്ഞിരിക്കുന്ന സംഭവ വികാസങ്ങളിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല എന്നൊന്നും ഞാൻ പറയുന്നില്ല. പലരുമായും ബന്ധമുണ്ട്. നിങ്ങൾക്കും ഉണ്ടാകാം. ഒരു മനുഷ്യൻ അവന്റെ ശരീരത്തിലെ 43 മസിലുകൾ ദേഷ്യം വരുമ്പോൾ ഉപയോഗിക്കുമ്പോൾ കേവലം 17 മസിലുകൾ മതി അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയാൻ. ലക്ഷ്യം ഒരു പുഞ്ചിരി മാത്രം…

😉

***

Disclaimer: Opinions posted as articles/blogs on this web site are those of the authors alone and do not necessarily reflect or represent the views, policies or positions of Susquehanna Malayalee Association (SMA). Kindly avoid objectionable, derogatory, unlawful and lewd comments, while responding to any content published in this website. All our members are equally responsible for ensuring that posted messages and other electronic communications are enjoyable, harmless and friendly. For more information regarding SMA messaging guidelines please Click Here.

 

Posted in Blogs & Articles.

2 Comments